സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് വിലയിരുത്താം

തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഓഫീസുകളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ നിമിഷ നേരത്തിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് എന്റെ ജില്ലാ മൊബൈൽ ആപ്ലിക്കേഷൻ.

സർക്കാർ സംവിധാനങ്ങൾ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ് എന്റെ ജില്ല മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. സർക്കാർ സേവനങ്ങളുടെ ലഭ്യത മുതൽ കാര്യക്ഷമത വരെയുള്ള വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ആപ്പിൽ അവസരമുണ്ട്. ഒന്ന് മുതൽ അഞ്ച് വരെയുള്ള റേറ്റിംഗ് നൽകാനും സാധിക്കും.

റവന്യൂ, പോലീസ്, റോഡ് ഗതാഗതം, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, കൃഷി, സിവിൽ സപ്ലൈസ്, രജിസ്‌ട്രേഷൻ, മൃഗസംരക്ഷണം, ഫിഷറീസ്, വ്യവസായം, അക്ഷയ കേന്ദ്രങ്ങൾ, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ആശുപത്രികൾ, പൊതുമരാമത്ത്, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് , സാമൂഹ്യനീതി, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും ഒരു വിരൽത്തുമ്പമ്പ് അകലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കും. ഓരോ ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾ നൽകുന്ന അഭിപ്രായങ്ങളും വിലയിരുത്തലുകളും പരസ്യമായി കാണാൻ കഴിയുന്ന വിധത്തിലാണ് എന്റെ ജില്ല ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ജില്ല ഭരണകൂടത്തിന് നേരിട്ട് നീരീക്ഷിക്കാം. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുന്നതിനും മാതൃകപരമായ സേവനം ഉറപ്പാക്കുന്നതിനും ആപ്പിന്റെ പ്രവർത്തനം സഹായകരമാണ്.

എന്റെ ജില്ല ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കേരളത്തിലെ 14 ജില്ലകളിലേയും സർക്കാർ ഓഫീസുകൾ സംബന്ധിച്ച വിവരം ഈ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.
ലിങ്ക്: https://play.google.com/store/apps/details?id=org.nic.entejilla

Leave a Reply

Your email address will not be published. Required fields are marked *

You may missed