അടിത്തട്ടിലെ ദൗര്‍ബല്യമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്‌നം : കെ. സുധാകരന്‍

ഒറ്റപ്പാലം:  അടിത്തട്ടിലെ ദൗര്‍ബല്യമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്നും രോഗമറിഞ്ഞുള്ള ചികിത്സയാണ്​ ഇതിന്​ പരിഹാരമെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി.

കോണ്‍ഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി(സി.യു.സി)കള്‍ക്ക്​ കഴിയും. രോഗമറിഞ്ഞുള്ള ചികിത്സയാണിത്​. പാലക്കാട് കരിമ്ബുഴ ആറ്റാശ്ശേരി ഇറക്കിങ്ങലില്‍ കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പാലം മണ്ഡലത്തിലെ കരിമ്ബുഴ പഞ്ചായത്തിലെ രണ്ടാം ബൂത്തായ ആറ്റാശ്ശേരി ഇറക്കിങ്ങല്‍ യൂനിറ്റ് രൂപവത്​കരിച്ചു കൊണ്ടാണ് സി.യു.സി സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

ഈതൊരു തുടക്കമാണ്. സംസ്ഥാനത്ത് മുഴുവന്‍ പഞ്ചായത്തുകളിലും ട്രയല്‍ നടത്തിക്കഴിഞ്ഞു. പ്രായഭേദമന്യേ ലക്ഷങ്ങള്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. അടിത്തട്ട് ഭദ്രമാകുന്നതോടെ പ്രവര്‍ത്തകരുടെ സ്വപ്നത്തിന് സാക്ഷാത്കാരം ലഭിക്കും. ഒക്ടോബര്‍ രണ്ടിന് 1500 സി.യു.സികള്‍ നിലവില്‍ വരും. 100 വര്‍ഷം മുമ്ബ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ സംസ്ഥാന യോഗവും സമ്മേളനവും നടന്നത് ഒറ്റപ്പാലത്താണ്. അന്ന് നടന്ന യോഗങ്ങള്‍ രാഷ്ട്രീയ അസ്തിത്വത്തിനായിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ അസ്തിത്വത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ യൂനിറ്റ് പ്രസിഡന്‍റായി ഹരിദാസന്‍ പാണ്ടികശാലയെയും സെക്രട്ടറിയായി ശിഹാബുദ്ദീനെയും ട്രഷററായി സുമ നായപ്പുള്ളിയെയും തിരഞ്ഞെടുത്തു. യൂനിറ്റിലെ മുതിര്‍ന്ന അംഗം ഹംസ പതാക ഉയര്‍ത്തി. ബൂത്ത് കമ്മിറ്റി പ്രതിനിധികളായി അബ്ദുല്‍ അസീസ്, സി.ടി.സുബൈര്‍ എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ കോ-ഓര്‍ഡിനേറ്ററും കെ.പി.സി.സി സെക്രട്ടറിയുമായ പി. ഹരിഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂനിറ്റ് കമ്മിറ്റി രൂപവത്​കരിച്ചത്.

സംസ്ഥാന തല പ്രഖ്യാപന യോഗത്തില്‍ എ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ്‌ എം.പി, പി.എ. തങ്ങള്‍, പി. ഹരിഗോവിന്ദന്‍ മാസ്റ്റര്‍, കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി.തോമസ്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്​ പി.ടി. തോമസ്, കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ കെ. രാമകൃഷ്‌ണന്‍ മാസ്റ്റര്‍, കരിമ്ബുഴ മണ്ഡലം പ്രസിഡന്‍റ്​ പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *