സ്‌കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ല

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജര്‍ നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളിലെത്തേണ്ടതില്ല. യൂണിഫോമും നിര്‍ബന്ധമാക്കില്ല. അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകളുടെ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം.

ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളെ പ്രവേശിപ്പിക്കാം. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതല്‍ ഏഴുവരെയുളള ക്ലാസുകള്‍ മൂന്നുദിവസം വീതമുളള ഷിഫ്റ്റിലുമായിരിക്കും പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങും സ്‌കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെക്ഷനും നല്‍കും. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പാഠങ്ങള്‍ റിവൈസ് ചെയ്യാന്‍ ബ്രിജ് ക്ലാസുകളും ഉണ്ടാകും.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. വിശദമായ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *