സഭാതര്‍ക്കം: യാക്കോബായ വിഭാഗത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: സഭാതര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

യാക്കോബായക്കാര്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുകയാണെന്ന് കോടതി പരാമര്‍ശിച്ചു. സര്‍ക്കാര്‍ ബലം പ്രയോഗിച്ചാല്‍ രക്തം ചിന്തുമെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നും കോടതി ചോദിച്ചു. പള്ളികളില്‍ ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഹര്‍ജികളാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്.

1934 ലെ ഭരണഘടന അംഗീകരിക്കാന്‍ തയ്യാര്‍ ആണോയെന്ന് യാക്കോബായ വിഭാഗത്തോട് കോടതി ചോദിച്ചു. കോലഞ്ചേരി പള്ളിക്കേസിലെ സുപ്രീം കോടതി വിധിപ്രകാരം ഒറ്റ പള്ളിയെ പാടുള്ളൂ. നാളുകളായി ഈ തര്‍ക്കം തുടരുന്നു. ഇതിന് ഒരു അവസാനം വേണം. നിയമ വ്യവസ്ഥയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. 1934 ഭരണഘടനക്കാണ് പ്രഥമ പരിഗണന. വികാരിയേയും പുരോഹിതരേയും ഇടവകക്കാരേയും പള്ളിയില്‍ കയറാന്‍ അനുവദിക്കും. സംസ്ഥാനത്ത് ചോര പുഴ ഒഴുകാന്‍ സമ്മതിക്കില്ല. വികാരിയെ തടയാന്‍ ആര്‍ക്കും അധികാരമില്ല. കോടതിക്ക് രണ്ട് വിഭാഗം എന്ന് കാണാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ പേരില്‍ തങ്ങളെ പുറത്ത് ആക്കാനുള്ള ശ്രമം അനുവദിക്കരുതെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ആരും ആരെയും പുറത്താക്കില്ലെന്നും 34 ലെ ഭരണഘടന പിന്തുടരുകയാണ് വേണ്ടതെന്നും അതിന്റെ കീഴിലുള്ള എല്ലാവര്‍ക്കും പള്ളികളില്‍ പോവുകയും ഭരണം നടത്താമെന്നും കോടതി വ്യക്തമാക്കി.

പള്ളിയുടെ തലപ്പത്ത് ഉള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ദൈവം എല്ലാവരുടെയും മനസ്സിലാണ് വേണ്ടത്. പള്ളികള്‍ പൂട്ടി ഇട്ടത് കൊണ്ടോ, ആളുകള്‍ കൂടി നിന്ന് ബഹളം വച്ചത് കൊണ്ടോ സുപ്രീം കോടതി വിധി മറി കടക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കണം. 34 ഭരണഘടന പിന്തുടരുന്ന എല്ലാവര്‍ക്കും പള്ളിയില്‍ പോകാം. അത് തടഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ പൊലീസ് സേനയും അവരുടെ കൂടെ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്ക് ശേഷം സഭയില്‍ ഒരു വിഭാഗം മാത്രമേ ഉള്ളൂവെന്നത് അംഗീകരിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊലീസ് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *