വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് നിപ റിപോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്ബിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.

കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച വവ്വാലുകളില്‍ ഐ സി എം ആര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. നിപ സ്ഥിരീകരിച്ച്‌ 21 ദിവസങ്ങളില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സ്ഥലത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള വൈറസുകളുടെ പരിശോധന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. താമരശ്ശേരിയിലെ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലുമാണ് നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയത്. ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.

ഐസിഎംആറിലേയ്ക്ക് അയച്ച 50 ഓളം പരിശോധനാ ഫലങ്ങള്‍ ഇനിയും വരാനുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണം. അതിന് ശേഷം മാത്രമേ കൂടുതല്‍ സ്ഥിരീകരണങ്ങളിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. നിപയുടെ പ്രഭവ കേന്ദ്രം ഈ വവ്വാലുകളാണെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലയളവായ 21 ദിവസം കഴിഞ്ഞു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ ഇനി 21 ദിവസം കൂടി കഴിഞ്ഞാല്‍ നിപ നിയന്ത്രണ വിധേയമായെന്ന് പ്രഖ്യാപിക്കും. രോഗത്തെ പിടിച്ചു നിര്‍ത്തുന്നതിനും പുതിയ കേസുകള്‍ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കാനും സഹായകമായതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *