വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം

ന്യൂഡല്‍ഹി: ഇനിമുതല്‍ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാം.
ഇതിനു പുറമെ, പാന്‍ നമ്ബര്‍ ലഭിക്കാനും പാസ്‌പ്പോര്‍ട്ടിന് അപേക്ഷ നല്‍കാനുമുള്ള സൗകര്യങ്ങളും റേഷന്‍ കടകളില്‍ ഒരുക്കും. കേന്ദ്ര ഭക്ഷ്യ വകുപ്പും പൊതു സേവന കേന്ദ്രങ്ങളും(സിഎസ്‌സി) തമ്മില്‍ തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

സിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറി ജ്യോത്സന ഗുപ്തയും, വൈസ് പ്രസിഡന്റ് സാര്‍ത്ഥിക് സച്ചിദേവുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍ഷൂ പാണ്ഡെ, സിഎസ്‌സി പ്രതിനിധി ദിനേശ് ത്യാഗി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടല്‍.

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം പൊതു ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് റേഷന്‍ കടകളിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 80 കോടിയിലധികം ആളുകള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ക്ക് ഈ തീരുമാനം ഉപകരിക്കും.

പൊതു ജനങ്ങള്‍ക്കു പുറമെ, റേഷന്‍ കടയുടമകള്‍ക്കും ഇതിലൂടെ വലിയ സാധ്യതകാളാണ് തുറന്നിരിക്കുന്നത്. സ്ഥിര വരുമാനത്തില്‍ കൂടാതെ, ഇതിലൂടെ അധിക തുക നേടാന്‍ കടയുടമകള്‍ക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *