ശുചിത്വ കേരളം എന്ന മുദ്രാവാക്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാകണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തൃശ്ശൂര്‍: ശുചിത്വ കേരളം എന്ന മുദ്രാവാക്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കാനാകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തെ ശുചിത്വ കേരളമാക്കി മാറ്റുന്നതിലൂടെ ടൂറിസം മേഖലയിലേക്ക് ഉള്‍പ്പെടെ ആളുകളെ ആകര്‍ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ അമൃത് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായും ഫലപ്രദമായും നടപ്പിലാക്കാനാകണം. ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളം ലോകത്തിന്റെ തന്നെ വികസന തുരുത്താകുമെന്നും മന്ത്രി പറഞ്ഞു. വ്യക്തിജീവിതത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ് നാം. എന്നാല്‍ സാമൂഹികമായി ആ ശുചിത്വബോധം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നില്ല. റോഡുകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രവണത വ്യാപകമാണ്.

ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന ബോര്‍ഡ് കണ്ടാല്‍ അവിടെ തന്നെ അവ തള്ളുന്ന മനോഭാവത്തിലേക്ക് നാം മാറിയെന്നും മന്ത്രി കുറ്റപ്പെടുത്തി. സാമൂഹ്യ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി വരും തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. മാലിന്യ സംസ്‌കരണം സംബന്ധിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഒപ്പം ചേര്‍ക്കാനും ശ്രമിക്കണം. കക്ഷി രാഷ്ട്രീയ അതിര്‍വരമ്ബുകളില്ലാതെ വികസന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *