ക്ഷീര-മൃഗസംരക്ഷണ ശില്‍പശാലയ്ക്കു തുടക്കം

തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷംകൊണ്ട് മൃഗസംരക്ഷണ-ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും അതിന്റെ പുരോഗതി വിലയിരുത്താനും കഴിയണമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നതിന് ഈ മേലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശില്‍പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം സമേതിയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പാല്‍ ഉല്പാദനത്തില്‍ കേരളം ഒരുപാട് മുന്നേറി. അന്യസംസ്ഥലങ്ങളില്‍ നിന്ന് പാലെടുക്കുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ശിലാസ്ഥാപനം കഴിഞ്ഞ പാല്‍പ്പൊടി ഫാക്ടറിയുടെ പണി ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഏഴ് പൗള്‍ട്രി ഫാമുകള്‍ മെച്ചപ്പെടുത്തി മുട്ടക്കോഴി ഉത്പാദനം പരമാവധി വര്‍ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സാമ്ബത്തിക നേട്ടം ഉണ്ടാവുന്ന തരത്തില്‍ സ്‌കൂളുകളില്‍ പൗള്‍ട്രി ക്ളബുകള്‍ ആരംഭിക്കും. പുതിയ ഇനം പശുക്കളെയും കോഴികളെയും കേരളത്തില്‍ കൊണ്ടുവരുകയും പഴയ ഇനം പശുക്കളെ സംരക്ഷിക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളില്‍നിന്ന് പശുക്കളെ കേരളത്തില്‍ എത്തിച്ചാല്‍ ഇന്‍ഷുര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. പോത്ത്, പന്നി തുടങ്ങിയവയുടെ ഉത്പാദനം വര്‍ധിപ്പിക്കും.

സംസ്ഥാനത്തിന് ആവശ്യമായ ഇറച്ചി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭങ്ങളില്‍ പ്രവാസികളടക്കമുള്ള തൊഴില്‍സംരഭകരെ ഏതൊക്കെ നിലയില്‍ സഹായിക്കാന്‍ പറ്റുമെന്ന് പരിശോധിക്കണം. വെറ്ററിനറി ഹോസ്പിറ്റല്‍, വെറ്ററിനറി ഡോക്ടര്‍, ഡോക്ടറുമായി ബന്ധപ്പെടേണ്ട വിലാസം, കര്‍ഷകര്‍, കൃഷി തുടങ്ങിയ വിവരങ്ങള്‍ മൃഗസംരക്ഷണ ക്ഷീര മേഖലയില്‍ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണം – ക്ഷീരവികസനം വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇഷിത റോയ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍. രാമകുമാര്‍, ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശില്‍പശാല 25 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *