നിയമസഭാ കൈയ്യാങ്കളി: പ്രതികളുടെ വിടുതല്‍ ഹര്‍ജി എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍ എംഎല്‍എ അടക്കമുള്ള ആറുപ്രതികളുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിനിടയിലാണ് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയെ സര്‍ക്കാര്‍ അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തത്.

നിയമപരമായി കുറ്റം എന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികള്‍ നിയമസഭയില്‍ അതിക്രമം നടത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ക്കെതിരെ പ്രഥമദഷ്‌ട്യാ തന്നെ കുറ്റം തെളിഞ്ഞതാണ്. പ്രതികളുടെ പ്രവര്‍ത്തി നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ തങ്ങളുടെത് അതിക്രമമായിരുന്നില്ലെന്നും, വാച്ച്‌ ആന്റ് വാര്‍ഡ് ആയി വന്ന പൊലീസുകാരാണ് അതിക്രമം കാട്ടിയതെന്നാണ് പ്രതികള്‍ വാദിച്ചു. അത് പ്രതിരോധിക്കുക മാത്രമാണ് ചെയ‌്തത്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന വാദവും പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. വിടുതല്‍ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് അടുത്ത മാസം ഏഴിലേക്ക് കേസ് വിധി പറയാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *