പെഗാസസ് : അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണത്തിന് തയ്യാറായി സുപ്രീം കോടതി. സുപ്രീം കോടതി നിയോഗിക്കുന്ന സാങ്കേതിക വിദഗ്ധരുടെ സമിതിയായിരിക്കും ആരോപണം അന്വേഷിക്കുക. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് അടുത്തയാഴ്ച നല്‍കാമെന്നും ചീഫ് ജസ്റ്റീസ് എന്‍.വ രമണ വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്തലില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

കേസ് നേരത്തെ സെപ്തംബര്‍ 13ന് പരിഗണിച്ച കോടതി, പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ അനധികൃത മാര്‍ഗത്തില്‍ ചാരപ്പണി ചെയ്‌തോ ഇല്ലയോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍, വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് തള്ളിയ കോടതി, സ്വന്തമായി വിദഗ്ധരെ കണ്ടെത്താമെന്ന് അറിയിച്ചു. സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി നിഷ്പക്ഷമായിരിക്കില്ലെന്ന് ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതു പരിഗണിച്ചാണ് കോടതി തീരുമാനം. സമിതിയില്‍ ആരൊക്കെ അംഗമാകുമെന്നും തലവന്‍ ആരായിരിക്കുമെന്നും അടുത്തയാഴ്ച ഉത്തരവിലൂടെ വ്യക്തമാകും. കോടതി സമീപിച്ച ചില വിദഗ്ധര്‍ അസൗകര്യം പറഞ്ഞതിനാലാണ് സമിതി രൂപീകരണം നീണ്ടുപോകുന്നതെന്നും കോടതി വ്യക്തമാക്കി.

ഇസ്രയേല്‍ കമ്ബനിയായ എന്‍എസ്‌ഒയുടെ ചാരസോഫ്ട്‌വേര്‍ ആയ പെഗാസസ് ഉപയോഗിച്ച്‌ വിവിധ മേഖലയിലുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *