മന്ത്രി വാസവന്‍ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രിതുറന്നുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ളതെന്നും സതീശന്‍ ആരോപിച്ചു.

സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നമുണ്ടാകുമ്ബോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.

മന്ത്രി വാസവന്‍ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രിതുറന്നുവെന്ന് വ്യക്തമാക്കണം. നേരത്തെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ‘ഈ ചാപ്റ്റര്‍ അടച്ചു’ എന്നാണ് മന്ത്രി വാസവന്‍ പ്രതികരിച്ചത്. എങ്കില്‍ എന്തിനാണ് മുഖ്യമന്ത്രി വീണ്ടും ഇത് തുറന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

”സംഘപരിവാര്‍ ഈ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വലുതാക്കാന്‍ ശ്രമിക്കുമ്ബോള്‍, അറിഞ്ഞോ അറിയാതെയോ ഈ വിഷയം നീണ്ടുപോകട്ടേ എന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സി.പി.എമ്മും നിലകൊള്ളുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ പോലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല” – അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വ്യാജ അക്കൗണ്ടുകളിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം നടന്നിട്ടും കേരളത്തില്‍ ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. നാളെ സെക്രട്ടേറിയേറ്റിന് മുന്നില്‍ മൈക്ക് കെട്ടിപ്പറഞ്ഞാലും അയാള്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്നാണ് തങ്ങളുടെ ചോദ്യം. എന്തു വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന പരാമര്‍ശം നടത്താനും ആര്‍ക്കും ഈ സംസ്ഥാനത്ത് സ്വാതന്ത്ര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു. ഇത്രയും ദിവസമായിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുത്തിട്ടില്ല. ഈ കാര്യത്തില്‍ കത്തു കൊടുത്തതാണ്. കത്തിന് മറുപടി പോലും തന്നിട്ടില്ല. സര്‍വകക്ഷി യോഗം വിളിച്ച്‌, സമുദായ നേതാക്കന്മാരെ ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി ഈ വിഷയം തീര്‍ക്കണം എന്ന് പറഞ്ഞിട്ട്, അങ്ങനെ തീര്‍ക്കേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും പറയുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *