ഗുരു ആധുനികതയിലേയ്ക്ക് വഴികാട്ടിയ മഹാത്മാവ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിമത വേര്‍തിരിവുകളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീര്‍ത്ത അന്ധകാരത്തില്‍ ഗതികിട്ടാതെ ഉഴറിയ കേരള സമൂഹത്തിന് മാനവികതയുടെ വെളിച്ചം വിതറി ആധുനികതയിലേയ്ക്കുള്ള വഴി കാട്ടിയ മഹാത്മാവാണ് ശ്രീനാരായണ ഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മനുഷ്യന്‍ എന്ന സത്തയെ അദ്ദേഹം മറ്റെല്ലാത്തിനും മുകളില്‍ ഉയര്‍ത്തിപ്പിടിച്ചു. ആ സത്തയെ അപ്രസക്തമാക്കുന്ന ജാതി – ജന്മിത്വ വ്യവസ്ഥകളുടെ അടിത്തറയായ ബ്രാഹ്മണ്യവും മതവര്‍ഗീയവാദ ആശയങ്ങളും അദ്ദേഹത്തിന്റെ തത്വചിന്തയുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ആ ആശയങ്ങളേറ്റേടുത്ത് മനുഷ്യത്വമെന്ന ഏറ്റവും മഹത്തായ സങ്കല്പത്തിന്റെ സാക്ഷാല്‍ക്കാരത്തിനായി കേരളീയര്‍ സടകുടഞ്ഞെണീറ്റതിന്റെ ഫലമാണ് ഇന്ന് നാം ജീവിക്കുന്ന കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരു വിഭാവനം ചെയ്ത ഒരു സമൂഹമായി മാറാന്‍ ഇനിയും നമ്മളൊരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു പ്രതിബന്ധങ്ങളായി വര്‍ഗീയവാദ ചിന്താധാരകളും ജാതിവ്യവസ്ഥയുടെ ശേഷിപ്പുകളും നമുക്ക് മുന്നില്‍ ലജ്ജയുളവാക്കും വിധം ഇന്നും ശക്തമായി നിലനില്‍ക്കുന്നുണ്ട്. നാം ഇത്രയും കാലം താണ്ടിയ മാനവികതയുടെ പന്ഥാവില്‍ നിന്നും ഒരു തിരിഞ്ഞു നടത്തം ഉണ്ടായിക്കൂടാ. മനുഷ്യനേക്കാള്‍ വലുതല്ല ഒരു മതവും ഒരു ജാതിയും എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട അവസരമാണിത്. നമ്മുടെ ഐക്യത്തെ ശിഥിലീകരിക്കാന്‍ ഒരു സങ്കുചിത താല്‍പപര്യങ്ങളേയും അനുവദിച്ചുകൂടാ.

അതിനു കഠിനമായ പരിശ്രമം ആവശ്യമാണ്. ആ കടമ നിറവേറ്റാന്‍ ഉള്ള ഊര്‍ജ്ജം എക്കാലവും നമ്മിലേയ്ക്ക് പകരാന്‍ പര്യാപ്തമാണ് ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും അദ്ദേഹത്തിന്റെ സമരചരിത്രവും. അതെല്ലാം ഹൃദയത്തിലേറ്റേടുത്തുകൊണ്ട് നാടിന്റെ പൊതുനന്മയ്ക്കായി ഒരുമിച്ച്‌ നില്‍ക്കുമെന്ന് ഈ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം. ആ ഐക്യം നമ്മുടെ നാടിനെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കട്ടെ എന്നും ഗുരു സമാധി ദിനത്തില്‍ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *