ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം. നിലവിലുളള കേസുകളില്‍ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ഡിജിപി അനില്‍ കാന്ത് ഇതു സംബന്ധിച്ച്‌ സര്‍ക്കൂലര്‍ ഇറക്കിയത്. അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശം ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഡിജിപിയുടെ നടപടി.

അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ജില്ലാ പോലീസ് മേധാവിമാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും നിര്‍ദേശം നല്‍കി. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *