1200 സഞ്ചാരികളുമായി ആഡംബരക്കപ്പല്‍ നാളെ കൊച്ചിയില്‍

കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന സംസ്ഥാനത്തെ ടൂറിസം ഖേലയ്ക്ക് ഉണര്‍വേകി ആഡംബര കപ്പല്‍ എം.വി എംപ്രസ് നാളെ കൊച്ചിയില്‍. 1200 ആഭ്യന്തര വിനോദ സഞ്ചാരികളുമായാണു കപ്പല്‍ എത്തുന്നത്.

മുംബൈയില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകുന്ന കപ്പല്‍ പുലര്‍ച്ചെ അഞ്ചിനു കൊച്ചിയില്‍ നങ്കൂരമിടും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കോര്‍ഡേലിയ ക്രൂയിസസിന്റെ എംവി എംപ്രസ് കപ്പലില്‍നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്.

ആറരയോടെ പുറത്തിറങ്ങുന്ന സഞ്ചാരികള്‍ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്ബര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. കൊച്ചി കായലിലൂടെയുള്ള ബോട്ട് സവാരിയും യാത്രയുടെയും ഭാഗമാകും. കപ്പല്‍ വൈകിട്ട് മൂന്നിനു ലക്ഷദ്വീപിലെ കടമത്തിലേക്കു തിരിക്കും.

കേരളത്തിന്റെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നുവെന്ന സൂചനയാണ് സഞ്ചാരികളുമായുള്ള എംപ്രസ് കപ്പലിന്റെ വരവെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യാത്രികര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ ബയോബബിള്‍ സംവിധാനം ഫലപ്രദമാണെന്ന് ഇതിലൂടെ വെളിപ്പെടുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *