പാണക്കാട് തങ്ങളുടെ തീരുമാനമാണ് ലീഗിന്റെ അവസാനവാക്ക്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഹരിത നേതാക്കള്‍ക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നടപടി കൂട്ടായെടുത്ത തീരുമാനമാണെന്നും പിന്‍വലിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

ഹരിത നേതാക്കള്‍ക്കെതിരായ നടപടി കൂട്ടായെടുത്ത തീരുമാനമാണ്. അതിനെ വ്യക്തികളുടെ പേരില്‍ ചേര്‍ക്കേണ്ടതില്ല. പാണക്കാട് തങ്ങളുടെ തീരുമാനമാണ് ലീഗിന്റെ അവസാനവാക്ക്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. തങ്ങള്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അത് മാറ്റാറില്ല. അതില്‍ ഉറച്ചുനില്‍ക്കലാണ് പതിവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചര്‍ച്ചയുടെ വാതിലടഞ്ഞിട്ടില്ലെന്നും നീതി തേടിയെത്തുന്നവര്‍ക്ക് നീതി നല്‍കുന്നതാണ് ലീഗിന്റെ പാരമ്ബര്യമെന്നും മുന്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദ് എംഎല്‍എ ഇന്നലെ ഫേസ്ബൂക്കില്‍ കുറിപ്പിട്ടിരുന്നു. ചര്‍ച്ച തുടരുമെന്നു കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഹരിതയുടെ കാര്യത്തിലെടുത്ത തീരുമാനം പ്രവര്‍ത്തകസമിതി യോഗത്തില്‍ പുനപരിശോധിച്ചെക്കുമെന്ന ചര്‍ച്ച ശക്തമായത്. ഇതില്‍ പാണക്കാട് സാദിഖലി തങ്ങള്‍ അതൃപ്തി അറിയിച്ചതോടെയാണ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പാണക്കാട് കുടുംബത്തിന്റെ തീരുമാനം അന്തിമമാണെന്ന പ്രസ്താവനയുമായി എത്തിയത്.

കൂടുതലായി ആ വിഷയത്തെ കുറിച്ച് പറയുന്നില്ല. ഞാന്‍ പറയുന്നതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് വേറെ നിര്‍വചനം ഉണ്ടേക്കേണ്ടതില്ല. മുനീറ് പറയുന്നതും ഞാന്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും ഒന്നാണ്. കൂട്ടായി എടുക്കുന്ന തീരുമാനത്തില്‍ ഓരോ നേതാക്കളുടെ പേര് പറഞ്ഞ് ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed