ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി.

തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന്‍ ആണ് രാവിലെ 11.30 ഓടെ തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കോടതിയില്‍ എത്തിയ ഇയാള്‍ താന്‍ ജയില്‍ ചാടിയ തടവുകാരനാണെന്നും കീഴടങ്ങുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് കോടതി ഇയാളെ പോലീസിന് കൈമാറി.

ജയില്‍ ചാടി പത്ത് ദിവസത്തിനു ശേഷമാണ് ഇയാള്‍ കീഴടങ്ങുന്നത്. എന്തിനാണ് ഇയാള്‍ ജയില്‍ ചാടിയതെന്നും ഇത്രയും ദിവസം എവിടെയായിരുന്നുവെന്നും അറിയാന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ജാഹിര്‍ ഹുസൈനു വേണ്ടി പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തിലായിരുന്നു പോലീസ്.

2014ല്‍ ജോലിക്ക് നിന്നിരുന്ന സ്വര്‍ണക്കടയുടെ ഉടമയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ഒരു വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *