ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ഒന്നാം പ്രതി പി ആര്‍ സരിത്തില്‍ നിന്നും പിടികൂടിയ സ്വര്‍ണ്ണമാണ് ഇഡി കണ്ടുകെട്ടിയത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഇഡി ഉത്തരവ് പുറപ്പെടുവിച്ചു.

കള്ളക്കടത്തിലൂടെ കണ്ടെത്തിയ കള്ളപ്പണമാണ് സ്വര്‍ണ്ണം വാങ്ങുന്നതിനായി ഉപയോഗിച്ചതെന്നും ഇഡി ഉത്തരവില്‍ പറയുന്നു. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒന്‍പതുപേര്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിന്‍സ്, അബ്ദു പി ടി,അബദുള്‍ ഹമീദ്, ഷൈജല്‍,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍ ഷമീര്‍ എന്നീ പ്രതികള്‍ക്കാണ് നോട്ടീസ് അയച്ചത്.

നേരത്തെ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടിയിരുന്നു. ഇരുവരുടേയും ലോക്കറിലുണ്ടായിരുന്ന പണമുള്‍പ്പെടെ ഒരു കോടി 85 ലക്ഷം രൂപയാണ് കണ്ടു കെട്ടിയത്. പൂവാര്‍ കോഓപ്പറേറ്റീവ് ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ,കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപമാണ് കണ്ടു കെട്ടിയത്.

ലോക്കറില്‍ കണ്ടത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണെന്ന് കോടതിയെ അറിയിച്ചുകൊണ്ടായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *