അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും സിപിഎമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ലെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: ആര്‍ക്കും കയറിച്ചെല്ലാവുന്ന വഴിയമ്ബലമായി അധഃപതിച്ച സി.പി.എം കൂറുമാറ്റക്കാരെയും അവസരവാദികളെയും ധൃതരാഷ്ട്രാലിംഗനം ചെയ്തു സ്വീകരിക്കുന്ന അവസ്ഥയിലേക്കു കൂപ്പുകുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെടുന്ന മാലിന്യങ്ങളെ സമാഹരിക്കുന്ന വെറുമൊരു വേസ്റ്റ് കളക്ഷന്‍ സെന്ററായി എ.കെ.ജി സെന്റര്‍ മാറുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അച്ചടക്ക നടപടി നേരിട്ടവരല്ലാത്ത ഒരാളെപ്പോലും ഇതുവരെ സി.പി.എമ്മിനു റാഞ്ചാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

എ.കെ.ജി സെന്ററിലേക്ക് കടന്നു ചെന്ന അനില്‍കുമാര്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍, രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തോടൊപ്പം എ.കെ.ജി സെന്ററിലേക്കു കടന്നുചെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. അതില്‍ നിന്നു തന്നെ അദ്ദേഹത്തിന്റെ ജനസ്വാധീനവും മഹത്വവും വ്യക്തമാണ്. 42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്ബര്യമുള്ള അദ്ദേഹത്തിന് പത്ത് പ്രവര്‍ത്തകരുടെ പോലും പിന്തുണ ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് അദ്ദേഹം പാര്‍ട്ടിയുടെ ബാദ്ധ്യതയാണെന്നു തെളിയിക്കുന്നതാണ്.

കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നു പറയുന്നവര്‍ പിണറായിയുടെ ഏകാധിപത്യത്തിലേക്കാണു പോകുന്നു എന്നതാണ് തമാശ. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ പോലും അവിടെ മൂലയ്ക്കിരിക്കുകയാണ്

സി.പി.എമ്മില്‍ ഒരംഗമാകാന്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്ബര്യവും മറ്റും പാര്‍ട്ടി ഭരണഘടന പ്രകാരം ആവശ്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ഒരാളെ സ്വീകരിച്ച്‌ ഏതു പദവിയും നല്കുമ്ബോള്‍ സി.പി.എമ്മിന്റെ ഭരണഘടനയൊക്കെ കാശിക്കുപോകും. വിരുന്നുകാര്‍ അകത്തും വീട്ടുകാര്‍ പുറത്തും എന്നതാണ് സി.പി.എമ്മിലെ അവസ്ഥയെന്ന് അണികള്‍ക്കു തോന്നിയാല്‍ അതിന് അവരെ കുറ്റംപറയാനാകില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഒരു പ്രലോഭനവും നല്കുന്നില്ല എന്ന പറഞ്ഞ അതേ നാവില്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍, പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക് മാന്യമായ സ്ഥാനവും പരിഗണനയും നല്കുമെന്നു പറഞ്ഞത്.  കെ.പി.സി.സിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പാര്‍ട്ടി വിട്ടതെന്നു പറയുന്ന കോടിയേരി, ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി ഓഫീസ് ഉള്‍പ്പെടെ ബി.ജെ.പിക്ക് അടിയറവ് വച്ചാണ് സി.പി.എം നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്ന കാര്യം മറക്കരുത്. സെമി കേഡര്‍ പാര്‍ട്ടി എന്താണെന്ന് ആറു മാസത്തിനുള്ളില്‍ ഞങ്ങള്‍ ബോദ്ധ്യപ്പെടുത്തി തരാം. പുതിയ സമീപനങ്ങളും പദ്ധതികളുമായി കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുകയാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തരെ കൂട്ടുപിടിച്ച്‌ അതിനു തടയിടാന്‍ സി.പി.എം ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *