മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പത്ത് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഒന്നാം പ്രതി കെ കെ ഷിനോസ് അടക്കമുള്ള സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം അനുവദിച്ചത്. രണ്ടു ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് വ്യവസ്ഥ. പ്രതികള്‍ 10 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം. കേസിലെ പ്രധാന സാക്ഷികളുടെ വിസ്താര നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ കോടതി ആവശ്യങ്ങള്‍ക്കല്ലാതെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാവണം തുടങ്ങിയ വ്യവസ്ഥകളാണ് കോടതി നിര്‍ദ്ദേശിച്ചത്. പ്രതികള്‍ കഴിഞ്ഞ ഏപ്രില്‍ ഏഴു മുതല്‍ റിമാന്റിലാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ദിവസമായ ഏപ്രില്‍ ആറിന് രാത്രിയാണ് എംഎസ്‌എഫ് പ്രവര്‍ത്തകനായ പുല്ലൂക്കര സ്വദേശി മന്‍സൂറിനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് കണ്ടെത്തിയിരുന്നു.ഷിനോസിനെ കൂടാതെ സംഗീത്, ശ്രീരാഗ്, സുഹൈല്‍, അശ്വാനന്ദ്, അനീഷ്, ബിജേഷ്, വിപിന്‍, പ്രശോബ്, നിജില്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed