നാളെ കേരളത്തില്‍ ത്രിപുര ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ത്രിപുരയില്‍ സിപിഐഎമ്മിനെതിരെ ബിജെപി നടത്തി വരുന്ന ഭീകരമായ ആക്രമണത്തിനെതിരെ നാളെ കേരളത്തില്‍ ത്രിപുര ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന് സിപിഎം.

പ്രതിപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന തരത്തില്‍ മനുഷ്യത്വഹീനമായായ അക്രമവും കൊള്ളയുമാണ് ത്രിപുരയില്‍ ബിജെപി നടത്തുന്നതെന്ന് സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു.

മറ്റു പാര്‍ടികളേയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണത്തെ ശക്തമായി ചെറുത്ത്‌ തോല്‍പ്പിക്കേണ്ടതുണ്ട്‌. അക്രമങ്ങള്‍ക്കെതിരെ നാളെ മുഴുവന്‍ പാര്‍ടി അംഗങ്ങളും പാര്‍ടി പ്രവര്‍ത്തകരും വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികളും പങ്കെടുത്തുകൊണ്ട്‌ ബ്രാഞ്ച്‌ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിക്കും. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ വൈകുന്നേരം 5 മണി മുതല്‍ 6 മണിവരെ നടക്കുന്ന ത്രിപുര ഐക്യദാര്‍ഢ്യ പരിപാടികളില്‍ മുഴുവനാളുകളും അണിചേരണമെന്ന്‌ അഭ്യര്‍ഥിക്കുന്നതായും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *