നിയമസഭാ കേസ്: കക്ഷി ചേര്‍ക്കണമെന്ന ചെന്നിത്തലയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ക്കെതിരെ നല്‍കിയ തടസ്സഹര്‍ജികള്‍ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും അടക്കമുള്ളവരാണ് തടസ്സഹര്‍ജി നല്‍കിയത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും നിരസിച്ചു.

തടസ്സഹര്‍ജി തള്ളിയതോടെ എല്‍.ഡി.എഫ് നേതാക്കളുടെ വിടുതല്‍ ഹര്‍ജിയില്‍ ഈ മാസം 23 മുതല്‍ സി.ജെ.എം കോടതി വാദം കേള്‍ക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവന്‍കുട്ടി, മൂന്‍മന്ത്രിമാരായ ഇ.പി ജയരാജന്‍ , കെ.ടി ജലീല്‍, മുന്‍ എം.എല്‍.എകെ. അജിത്, കഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.

കയ്യാങ്കളി കേസില്‍ പ്രതികളില്‍ ഒരാള്‍ മന്ത്രിയായതിനാല്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തടസ്സഹര്‍ജികള്‍ പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും കേസ് പിന്‍വലിക്കുന്നത് സംസ്ഥാനത്ത് ആദ്യമല്ലെന്നുമായിരുന്നു പ്രോസിക്യുഷന്റെ വാദം.

കേസ് തള്ളുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതിയെ സമീപിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട രമേശ് ചെന്നിത്തല ജനശ്രദ്ധ കിട്ടാന്‍ നടത്തിയ നീക്കത്തിന് കോടതിയില്‍ തിരിച്ചടി കിട്ടിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *