തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി : തൃക്കാക്കര നഗരസഭാ അദ്ധ്യക്ഷയ്‌ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി.

നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പന് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് പോലീസ് പ്രത്യേക സംരക്ഷണം നല്‍കണമെന്നാണ് കോടതി ഉത്തരവ്. പ്രതിപക്ഷ അംഗങ്ങള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ അജിത തങ്കപ്പന് ജീവന് ഭീഷണി ഇല്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയില്‍ ചില പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹര്‍ജി സെപ്റ്റംബര്‍ 16 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം സമ്മാനം നല്‍കിയതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. കോഴപ്പണമായി ലഭിച്ച പണമാണ് ഇവര്‍ വിതരണം ചെയ്തതെന്നും ചെയര്‍പേഴ്‌സണ്‍ രാജിവയ്‌ക്കണമെന്നുമാണ് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *