പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ഒരു വര്‍ഷത്തിനകം: മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: ഒരു വര്‍ഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാല്‍പ്പൊടി ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാല്‍ വില്‍ക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകര്‍ഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ ആരംഭിക്കുന്ന ആദ്യ കിടാരി പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാര്‍ക്കാണു വലിയതുറയില്‍ ആരംഭിക്കുന്നത്. 50 കിടാരികളെ വളര്‍ത്താന്‍ ശേഷിയുള്ള പാര്‍ക്കാണ് ഫാമില്‍ നിര്‍മിക്കുന്നത്. കേരളത്തിലെ ക്ഷീരമേഖല ശക്തിപ്പെടുത്താനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണു കിടാരി പാര്‍ക്ക്. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമായ പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യാനാണു പദ്ധതിവഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.

അന്യം നിന്നുപോകുന്ന നാടന്‍ ഇനങ്ങളെയും അധികം പാല്‍തരുന്ന പുതിയ ഇനം പശുക്കളെയും ചേര്‍ത്ത് കൂടുതല്‍ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനങ്ങളെ കേരളത്തില്‍ത്തന്നെ വികസിപ്പിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് അധികം പാല്‍ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഫാമില്‍ പശുക്കളെ വളര്‍ത്തി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാനും പശുക്കള്‍ക്ക് ആവശ്യമുള്ള പുല്ല് ഇവിടെ തന്നെ ഉല്പാദിപ്പിക്കാനുമുള്ള സംയോജിതമായി പരിപാടിയാണ് കിടാരി പാര്‍ക്കിന്റെ നിര്‍മാണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 മാര്‍ച്ചില്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും നിരവധി കുടുംബങ്ങള്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *