ഭൂമി വിവരങ്ങൾക്ക് ഡിജിറ്റൽ കാർഡ് ആലോചനയിൽ: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കേരളത്തിലെ ഓരോ ആളുകളുടേയും ഭൂമി സംബന്ധിച്ച പൂർണ വിവരങ്ങൾ ഡിജിറ്റൽ ലോക്കറിലൂടെയോ ഡിജിറ്റൽ കാർഡിലൂടെയോ വില്ലേജ് ഇൻഫർമേഷൻ സിസ്റ്റത്തിലൂടെയോ നൽകാൻ കഴിയുന്ന രീതിയെക്കുറിച്ച് സർക്കാർ ആലോചിക്കുകയാണെന്നു റവന്യൂ മന്ത്രി കെ. രാജൻ. ഇതു യാഥാർഥ്യമായാൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കു വില്ലേജ് ഓഫിസിൽ പോകേണ്ട സാഹചര്യം പൂർണമായി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ നാടിനു സമർപ്പിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ കാർഡ് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടാണ് യുണീക്ക് തണ്ടപ്പേർ എന്ന ആശയം. കേരളത്തിലെ ഓരോ ആളുകൾക്കും എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേർ ലഭിക്കും. പദ്ധതിക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് വിവര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.

അർഹരായ എല്ലാവർക്കും പട്ടയം അനുവദിക്കുയെന്ന പരമമായ ലക്ഷ്യത്തിലേക്കു സർക്കാർ നീങ്ങുകയാണ്. പുതിയ സർക്കാർ അധികാരത്തിലെത്തി 100 ദിവസംകൊണ്ട് കേരളത്തിലെ 13,500 കുടുംബങ്ങളെ ഭൂമിയുടെ ഉടമകളാക്കാൻ കഴിഞ്ഞു. 14ന് തൃശൂരിൽ സംസ്ഥാനതല പട്ടയമേള നടക്കും. അനർഹരായ ഒരാളുടെ കൈയിൽപ്പോലും ഭൂപരിഷ്‌കരണ വ്യവസ്ഥകൾ ലംഘിച്ചുള്ള ഭൂമി കൈവശംവയ്ക്കാൻ അനുവദിക്കില്ല എന്നതും സർക്കാർ നയമായി സ്വീകരിച്ചു മുന്നോട്ടുപോകും. റീസർവെ പ്രവർത്തനങ്ങൾക്കു വ്യത്യസ്ത മുഖവുമായി സമ്പൂർണ ഡിജിറ്റൽ റീസർവെ നടപ്പാക്കും. നാലു വർഷംകൊണ്ട് ഇതു പൂർത്തിയാക്കും. ഇതോടെ എല്ലാവർക്കും എല്ലാ ഭൂമിക്കും രേഖയാകുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed