സർക്കാർ സേവനങ്ങൾ പരമാവധി വീട്ടുപടിക്കലെത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ജനങ്ങൾക്കു പരമാവധി വീട്ടുപടിക്കലെത്തിച്ചു നൽകുക എന്നതാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ-സാക്ഷരതയിലെ മുന്നേറ്റവും വളർച്ചയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും കേരളത്തിലെ ജനങ്ങളെ ഇ-ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കിയതായും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പിന്റെ പുതിയ ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങൾക്കു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ വകുപ്പുകളിലെ പല സേവനങ്ങളും ഓൺലൈനിലേക്കു മാറ്റിക്കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ മികച്ച രീതിയിൽ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പര്യാപ്തമാണ്. അപേക്ഷകളുടെ കൃത്യമായ സ്റ്റാറ്റസ്, ഉദ്യോഗസ്ഥ നടപടികളുടെ പരിശോധന തുടങ്ങിയവയെല്ലാം മനസിലാക്കാൻ ഇതുവഴി കഴിയുന്നുണ്ട്. ജനോപകാരപ്രദമായ സിവിൽ സർവീസ് യാഥാർഥ്യമാക്കുന്നതിന് ഇ-സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂനികുതി ഒടുക്കുന്നതിനു റവന്യൂ വകുപ്പ് തയാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ, 1666 വില്ലേജ് ഓഫിസുകളുടേയും വെബ്‌സൈറ്റ്, നവീകരിച്ച ഇ-പെയ്‌മെന്റ് പോർട്ടൽ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയാണു മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കമിട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കൽ, പൊതുജന പരാതി പരിഹാര സംവിധാനം, ദുരന്തബാധിതർക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ് എന്നിവയെല്ലാമടങ്ങുന്ന സമഗ്ര റവന്യൂ പോർട്ടലിനാണ് കഴിഞ്ഞ സർക്കാർ തുടക്കംകുറിച്ചത്. നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ സംവിധാനത്തിന്റെ വിവിധ വശങ്ങൾ പഠിച്ചശേഷമാണ് ഓൺലൈൻ സേവനങ്ങൾ മൊബൈൽ ആപ്പിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഭൂനികുതി ആപ്പ് യാഥാർഥ്യമായതോടെ ഭൂമിസംബന്ധമായ വിവിധ സർട്ടിഫിക്കറ്റുകൾക്കുവേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതും കരം ഒടുക്കുന്നതുമൊക്കെ ലോകത്തിന്റെ ഏതു കോണിലിരുന്നും സാധ്യമാകും. പ്രവാസികൾക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും.

പൊതുജനങ്ങൾക്ക് അനായാസം ഉപയോഗിക്കാൻ കഴിയുംവിധമാണ് മൊബൈൽ ആപ്പ് തയാറാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പിൽനിന്നുള്ള മറ്റു സേവനങ്ങളും മൊബൈൽ ആപ്പിൽ ഉൾക്കൊള്ളിക്കാൻ തുരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്‌ക്വെച്ച് സർവെ മാപ്പ് ഓൺലൈനിലേക്കു മാറിക്കഴിഞ്ഞു. ഭൂ ഉടമകൾക്കു വിവിധ ആവശ്യങ്ങൾക്കു സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫിസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. ഭൂ ഉടമയുടെ തണ്ടപ്പേർ അക്കൗണ്ട് പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കുന്നത് നേരത്തേ ഓൺലൈനാക്കിയിരുന്നു. ഇതും മൊബൈൽ ആപ്പിലേക്കു മാറ്റും.

പ്രാദേശിക വികസന ലക്ഷ്യങ്ങൾക്കായി ഡിജിറ്റൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്നാണു സ്മാർട്ട് വില്ലേജ് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമായാണു സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടേയും അടിസ്ഥാന വിവരങ്ങൾ, ഭൂമി വിവരങ്ങൾ, ഇൻഫർമേഷൻ മാനേജ്‌മെന്റ് എന്നിവയെല്ലാം ഉൾപ്പെടുത്തി വില്ലേജ് ഓഫിസുകൾക്ക് വെബ്‌സൈറ്റ് രൂപീകരിച്ചിട്ടുള്ളത്. പ്രാദേശികമായ വിവരങ്ങൾ പെട്ടെന്നു കണ്ടെത്തുന്നതിനു സർട്ടിഫൈ ചെയ്ത ഭൂരേഖകൾ പൊതുജനങ്ങൾക്കു കാണുന്നതിനുമുള്ള സംവിധാനം വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കു വിവിധ നികുതികൾ തടസമില്ലാതെ ഒടുക്കാൻ കഴിയുംവിധമാണു റവന്യൂ ഇ-പോർട്ടൽ സജ്ജീകരിച്ചി്ടടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ – ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഓൺലൈനായും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *