നിപ: കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ആശാവഹമെന്ന്‌ ആരോഗ്യ മന്ത്രി

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ ആശാവഹമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്.

കുട്ടിയുടെ അടുത്ത സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭ്യമായതില്‍ എട്ട് എണ്ണവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയില്‍ 2 പേരുടെ സാമ്ബിളുകള്‍ കൂടി നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു.

ശേഷിക്കുന്ന ഫലങ്ങള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ലഭിക്കുമെന്നും ഇവയില്‍ ചിലത് പൂനെയിലേക്കും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ നിപ വൈറസ് ലാബില്‍ ഒരു സമയം 96 സാമ്ബിളുകള്‍ വരെ പരിശോധിക്കാനാകുമെന്നും ഇവിടെ ബിഎസ്‌എല്‍ ലെവല്‍ 3 ലാബ് സജ്ജമാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

“കുട്ടി ചികിത്സ തേടിയ എല്ലാ സ്ഥാപനങ്ങളുടെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ റൂട്ട് മാപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് മന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു,” മന്ത്രി പറഞ്ഞു.

പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 257 ആയെന്നും മന്ത്രി പറഞ്ഞു. അടുത്ത സമ്ബര്‍ക്കമുള്ളവരുടെ എണ്ണം 122 ആണെന്നും ഇതില്‍ 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. ” 51 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. 17 പേര്‍ക്കാണ് ലക്ഷണങ്ങളുള്ളത്. നേരിയ ലക്ഷണങ്ങളാണ് ഇവരില്‍ കാണപ്പെടുന്നത്,” മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *