ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

ഓവല്‍:ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ജയം. 157 റണ്‍സിനാണ് ഇംഗ്‌ളണ്ടിനെ തോല്‍പിച്ചത്.

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റില്‍ 368 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി.

അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി തികച്ച്‌ ശക്തമായി നിലയില്‍ മുന്നേറുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോറി ബേണ്‍സും (50)ഹസീബ് ഹമീദും (63) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 100 റണ്‍സടിച്ചു.

അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേണ്‍സിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച്‌ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഇല്ലാത്ത റണ്ണിനോടി ഹസീബ് ഹമീദ് ഡേവിഡ് മലനെ റണ്ണൗട്ടാക്കി.

131-2 എന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിനെ ലഞ്ചിനുശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ പിഴുതാണ് ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കിയത്. ലഞ്ചിനുശേഷം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. ഹസീബ് ഹമീദിനെ ക്ലീന്‍ ബൗള്‍ഡാക്കി. ആദ്യ ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്. പോപ്പിനെ(2) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോണി ബോയര്‍‌സ്റ്റോയെ മനോഹരമായൊരു യോര്‍ക്കറില്‍ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോര്‍ക്കറില്‍ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിന്‍ കെണിയില്‍ മൊയീല്‍ അലി വീണു.

അക്കൗണ്ട് തുറക്കും മുമ്ബെ അലിയെ ഷോര്‍ട്ട് ലെഗ്ഗില്‍ സൂര്യകുമാര്‍ യാദവിന്റെ കൈകകളിലെത്തിച്ച്‌ ജഡേജ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ക്യാപ്റ്റന്‍ ജോ റൂട്ട് (36) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പുറത്താക്കി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ വീണ്ടും ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടു പിന്നാലെ ക്രിസ് വോയ്ക്‌സിനെ(18) കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച്‌ ഉമേഷ് യാദവ് ഇംഗ്‌ളണ്ടിന്റെ എട്ടാം വിക്കറ്റും വീഴ്ത്തി. ക്രിക് ഓവര്‍ടണിനെ(10) ക്‌ളീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് വീണ്ടും വിക്കറ്റു നേടി.

വാലറ്റത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി

ശാര്‍ദുല്‍ താക്കൂര്‍ , രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഈരണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന് തകര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് (466 റണ്‍സ്) ഇംഗ്ലണ്ടിനു മുന്നില്‍ 368 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു.

സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മത്സരത്തില്‍ മേല്‍കൈ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *