സംസ്ഥാനത്ത് 7 പുതിയ ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ ESI കോര്‍പ്പറേഷന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പുതിയ ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ ESI കോര്‍പ്പറേഷന്‍ അനുമതി ലഭിച്ചുവെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 115-മത് റീജണല്‍ ബോര്‍ഡ് ഇ എസ് ഐ കോര്‍പ്പറേഷന്‍ യോഗത്തില്‍ ആണ് തീരുമാനം.

ബാലുശ്ശേരി , റാന്നി , കൂറ്റനാട് , വെഞ്ഞാറമൂട് , ആലത്തൂര്‍ , താമരശ്ശേരി , കൂത്താട്ടുകുളം എന്നീ സ്ഥലങ്ങളിലാണ് പുതിയതായി ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുവാന്‍ അനുമതി ലഭിച്ചത്. ഇതില്‍ കൂത്താട്ടുകുളം ഡിസ്പെന്‍സറിയില്‍ 3 ഡോക്ടര്‍മാരുടെയും മറ്റുള്ള ഡിസ്പെന്‍സറികളില്‍ രണ്ട് ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കുവാനും തീരുമാനമായി.

വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടക്കാതെ ശോചനീയ അവസ്ഥയില്‍ ആയിരുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഉപയോഗശൂന്യമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 28 ഡിസ്പെന്‍സറികള്‍ മാറ്റി സ്ഥാപിക്കുവാനും ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി.

കോവിഡ് കാലഘട്ടത്തില്‍ ഇ എസ് ഐ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട ഇ എസ് ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇ എസ് ഐ കൊവിഡ്-19 റിലീഫ് സ്കീം പ്രകാരം സഹായം വിതരണം ചെയ്തു.

തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിനി ആന്‍റണി ഐഎഎസ്,ഇഎസ്‌ഐ റീജനല്‍ ഡയറക്ടര്‍ മാത്യൂസ് മാത്യു , ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. മാലിനി എസ്. ബോര്‍ഡ് മെമ്ബര്‍ വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *