കേരളത്തില്‍ 10 ലക്ഷം കോവിഡ് വാക്‌സിന്‍ എത്തി

കൊച്ചി: കേരളത്തില്‍ 10 ലക്ഷം കോവിഡ് വാക്‌സിന്‍ എത്തി. ഇതോടെ കേരളത്തിലെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് കൊണ്ടുവന്നത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇവ എത്തിച്ചത്.

കൊച്ചിയില്‍ 3.99 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്ന് എത്തിച്ചത്. ഇതില്‍ 80500 ഡോസ് എറണാകുളം ജില്ലയ്ക്കാണ് അനുവദിച്ചിരിയ്ക്കുന്നത്. കൊച്ചിയില്‍ കൊണ്ടുവന്ന വാക്‌സിന്‍ ഇടുക്കി, കോട്ടയം, ത്യശൂര്‍, പാലക്കാട് എന്നിവിടങ്ങളിലേയ്ക്കും കൊണ്ടുപോകും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ എത്തിച്ച വാക്‌സിന്‍ മറ്റു ജില്ലകളിലേയ്ക്കും നല്‍കും. നാളെ മുതല്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം പുനരാരംഭിയ്ക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ വാക്‌സിന്‍ വിതരണം നിലച്ചിരുന്നു. രണ്ട് ദിവസങ്ങളായി കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ ഉണ്ടായിരുന്നില്ല. വാക്‌സിന്‍ ലഭിയ്ക്കാന്‍ വൈകുന്നതിനെത്തുടര്‍ന്ന് വേഗത്തില്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വാക്‌സിന്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊണ്ടുവന്നിരുന്നില്ല. രേഖകള്‍ റെഡിയാകാതിരുന്നതിനാലാണ് ഇത് എത്തിയ്ക്കാന്‍ സാധിയ്ക്കാതിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *