സര്‍ക്കാര്‍ നടത്തുന്ന മദ്യവ്യാപനപദ്ധതികള്‍ സമൂഹത്തോട് കാണിക്കുന്ന അനീതി: വി.എം. സുധീരന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ നടത്തുന്ന മദ്യവ്യാപനപദ്ധതികള്‍ സമൂഹത്തോട് കാണിക്കുന്ന അനീതിയാണെന്നും വളര്‍ന്നു വരുന്ന തലമുറയ്ക്ക് മാതൃകയായി മാറേണ്ടത്   അദ്ധ്യാപകരാണെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.

വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി പറഞ്ഞു കൊടുക്കാനും നാടിന്റെ ഉത്തമപൗരന്‍മാരായി അവരെ കരുപ്പിടിപ്പിക്കാനും കഴിയുന്നത് അദ്ധ്യാപകര്‍ക്ക് തന്നെയാണ്. ദേശീയബാലതരംഗം സംഘടിപ്പിച്ച അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നാലാമത് അമ്പലത്തറ രാമചന്ദ്രന്‍ നായര്‍ സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പത്തനംതിട്ട റിപ്പബ്ലിക്കന്‍ വി.എച്ച്.എസ്. ലെ എസ്. സന്തോഷ്‌കുമാറിന് നല്‍കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം ലഹരിവിമുക്തമാകണമെങ്കില്‍ ആ സന്ദേശം ഏറ്റെടുക്കേണ്ടത് വിദ്യാര്‍ത്ഥികളാണ്. ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദേശീയബാലതരംഗം ഏറ്റെടുത്തിരിക്കുന്ന ദൗത്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീകോടതിയുടെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദ്ദേശങ്ങളെ മറികടന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്യവ്യാപനപദ്ധതികള്‍ സമൂഹത്തോട് കാണിക്കുന്ന അനീതിയാണ്. കോവിഡിന്റെ കാലഘട്ടത്തില്‍ മാസങ്ങളോളം മദ്യമില്ലാതെ ജീവിക്കാന്‍ കഴിയുമെന്ന് നാട് തെളിയിച്ചിട്ടുള്ളതാണ്. ആ കാലഘട്ടത്തില്‍ അക്രമങ്ങളും അപകടമരണങ്ങളും തുലോം കുറവായിരുന്നു എന്നുള്ളത് മറന്നുകൊണ്ടാണ് ഗവണ്‍മെന്റ് ഇപ്പോള്‍ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോകള്‍ വഴിയും മദ്യവിപണനം നടത്താന്‍ തീരുമാനിക്കുന്നത്. നാട്ടില്‍ ഇന്ന് ദിവസവും നമ്മള്‍ കേള്‍ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടക്കുന്ന ഭീകരമായ അക്രമങ്ങളും കൊലപാതകങ്ങളും മുഖവിലയ്‌ക്കെടുക്കാതെയുള്ള സര്‍ക്കാരിന്റെ മദ്യവ്യാപനനയം ആപല്‍ക്കരമാണെന്നും വി.എം. സുധീരന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോഴത്തെ മദ്യനയം. ഈ നയത്തിനെതിരെ നിയമപരമായും ജനകീയ സമരത്തിലൂടെയും ഏതറ്റം വരെയും താന്‍ പോകുമെന്നും അദ്ദേഹം മൂന്നറിയിപ്പ് നല്‍കി.

ദേശീയബാലതരംഗം ചെയര്‍മാന്‍ ടി.ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അനാമിക സുമി പ്രസാദ്, കെ.പി.എസ്.റ്റി.എ. പ്രസിഡന്റ് എം. സലാഹുദ്ദിന്‍, അനില്‍ വട്ടപ്പാറ, പ്രദീപ ്‌നാരായണന്‍, ഷീന്‍ ആല്‍ബര്‍ട്ട്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പൂവച്ചല്‍ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed