‘കേരള പൊലീസിൽ RSS ഗ്യാങ് പ്രവർത്തിക്കുന്നുവെന്ന് സംശയം’:ആനി രാജ

ന്യൂഡൽഹി: കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ ദേശീയ നേതാവും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയുമായ ആനി രാജ.

കേരള പൊലീസിൽ ആർ എസ് എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു.

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും ആനി രാജ കുറ്റപ്പെടുത്തി.

സാമൂഹിക വിരുദ്ധരെ പേടിച്ച് രണ്ട് മക്കളെയും കൊണ്ട് ഒരമ്മ ട്രെയിനിൽ കഴിയേണ്ടിവന്നത് കേരളത്തിൽ നിന്നുള്ള വാർത്തയാണ്. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് അവർക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായത്. സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂർണ സമയ മന്ത്രിയും വേണം. ഇപ്പോൾ മറ്റൊരു വകുപ്പിന്റെ കൂടെയാണ് സ്ത്രീസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ സ്ത്രീസുരക്ഷയ്ക്കായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും കത്തു നല്‍കുമെന്നും ആനി രാജ പറഞ്ഞു.

പൊലീസിന് ഗാർഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നൽകണമെന്നും അവർ നിർദേശിച്ചു.

കണ്ണൂരിലെ സനീഷയുടെ മരണം ഗാർഹിക പീഡനം താങ്ങാനാവാതെയാണ്. പൊലീസ് ജാഗരൂകമായി ഇടപെട്ടിരുന്നുവെങ്കിൽ ഈ മരണം തടയാമായിരുന്നു. അച്ഛനെയും മകളെയും ഫോൺ മോഷ്ടിച്ചുവെന്ന് പറഞ്ഞ് പരസ്യമായി അധിക്ഷേപിച്ച സംഭവം എല്ലാവരും ചാനലുകളിലൂടെ കണ്ടതാണ്. ഇതും പൊലീസിന്‍റെ അങ്ങേയറ്റം അപലപിക്കേണ്ട നടപടിയാണ് -ആനി രാജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *