കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് കെ മുരളീധരന്‍ എം പി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് കെ മുരളീധരന്‍ എം പി. നിലവിലുള്ള അപശബ്ദങ്ങളെ പരിഹരിച്ച്‌ പാര്‍ട്ടിയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചതില്‍ തെറ്റില്ല. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങള്‍ എടുത്തത് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെയല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഡയറി ഉയര്‍ത്തിക്കാണിച്ചത്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. താനായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നു. എന്നാല്‍ എല്ലാ ശൈലികളും കോണ്‍ഗ്രസിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് നടപടിയെടുത്തെങ്കില്‍ അതിന് എഐസിസി അംഗീകാരമുണ്ടായിരിക്കുമെന്നും എഐസിസി അംഗീകാരത്തോടെ ഏത് നടപടിയെടുക്കാനുള‌ള അധികാരവും കെപിസിസി പ്രസിഡന്റിനുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നത് കേട്ട് പാര്‍ട്ടിയില്‍ മറ്റാരും തുള്ളേണ്ടെന്നും കെ.പി അനില്‍കുമാര്‍ എഐസിസി അംഗമാണെന്ന് ഇപ്പോഴാണ് അറി‌ഞ്ഞതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിയില്‍ ഇടഞ്ഞു നില്‍ക്കുന്ന എ വി ഗോപിനാഥിന് കെപിസിസി ഭാരവാഹി പട്ടിക വരുമ്ബോള്‍ പരിഗണന കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരട്ടെ. പാര്‍ട്ടിയില്‍ സീനിയര്‍ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാര്‍ട്ടി തീര്‍ച്ചയായും പരിഗണിക്കും. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് അയക്കാനും പാടില്ല എന്നത് പുതിയ തലമുറയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed