പാമ്പു കടിയേറ്റ് ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: പാമ്പു കടിയേറ്റ് എഴുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. തൃക്കണ്ണാപുരം ഞാലിയക്കോണത്താണ് സംഭവം.

അസം സ്വദേശികളായ ജിബന്‍ ദാസ് റിപോണ ബാലദാസ് ദമ്പതികളുടെ മകള്‍ ശില്‍പി ദാസ് ആണ് മരിച്ചത്. ജിബന്‍ ദാസ് ഉള്‍പ്പെടെ രണ്ടു പേരടങ്ങുന്ന കുടുംബം ഞാലിയക്കോണം എള്ളുവിളയി!ലാണ് താമസം.

തൊട്ടടുത്തുള്ള കടയില്‍ കുട്ടി മിഠായി വാങ്ങിക്കാന്‍ പോയിരുന്നു. തിരിച്ചു വരുന്നതിനിടയിലാണ് കുട്ടിയ്ക്ക് പാമ്പിന്റെ കടിയേറ്റതെന്നാണ് നിഗമനം. വീട്ടിലെത്തിയ കുട്ടി കാലില്‍ എന്തോ കടിച്ചുവെന്ന് അമ്മയോട് പറഞ്ഞു. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കാണാത്തതിനാല്‍ കുട്ടിക്ക് ഭക്ഷണം നല്‍കി.ഉറങ്ങാന്‍ കിടന്ന കുട്ടി വൈകിട്ട് നാലു മണിയായപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.

വിറയലും വായില്‍ നിന്നും നുരയും പതയും വരാന്‍ തുടങ്ങിയതോടെ അമ്മയും സമീപവാസികളും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടെത്തിയതോടെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *