കൊടിക്കുന്നിലിന്‍റെ വ്യക്ത്യാധിക്ഷേപത്തെ സോണിയ ഗാന്ധി പിന്തുണയ്ക്കുമോയെന്ന് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടുക്കിൽ സുരേഷ് എം.പി നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായി സിപിഎം .

തികഞ്ഞ ജനപിന്തുണയോടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണം. എംപി കൂടിയായ കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെപിസിസി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോയെന്നും സിപിഎം ചോദിച്ചു.

ഇത്‌ കോണ്‍ഗ്രസ്‌ തുടങ്ങിയിട്ട്‌ കുറച്ചു കാലമായെന്ന് സി പി എം പറയുന്നു. നയതന്ത്ര സ്വര്‍ണ്ണക്കടത്ത്‌ കേസിലടക്കം അനാവശ്യമായി മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും കുടുംബത്തേയും വലിച്ചിഴച്ചു. എന്നാല്‍, അതൊന്നും വിലപ്പോയില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നില്ലെന്ന്‌ പറഞ്ഞും ആരോപണങ്ങളുന്നയിച്ചു. നിയമസഭാ സമ്മേളനവും ഓണക്കാലവുമായതിനാലാണ്‌ പത്രസമ്മേളനം നടത്താത്തതെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്‌. മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധഃപതനം കൂടിയാണ്‌ വ്യക്തമാകുന്നതെന്ന് സി പി എം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *