നെല്ല് സഹകരണ സംഘം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ല് കര്‍ഷകരുടെ സംഭരണ വിപണന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രോസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം (കെഎപിസിഒഎസ്) രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിലവില്‍ വന്നു.

കര്‍ഷകരില്‍ നിന്നും ന്യായവിലയ്ക്ക് നെല്ല് സംഭരിച്ച്‌ അരിയാക്കി വിപണനം നടത്തുന്നതിന് വേണ്ടിയാണ് സഹകരണ സംഘം സ്ഥാപിച്ചത്.

നേരത്തെ പാലക്കാട് ജില്ലയില്‍ സമാനമായ സഹകരണ സംഘം നിലവിലുണ്ട്. സഹകരണ സംഘത്തിന്റെ ഭാഗമായി നെല്ല് സംസ്‌കരിച്ച്‌ അരിയാക്കി മാറ്റുന്നതിനുള്ള മില്ലും സ്ഥാപിക്കും. പാലക്കാട് ജില്ല ഒഴികെയുള്ള 13 ജില്ലകള്‍ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലാണ്.

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകള്‍ സ്ഥാപിക്കുക. കര്‍ഷകരില്‍ നിന്നും വിപണി വിലയ്ക്ക് നെല്ല് സംഭരിച്ച്‌ അരിയാക്കി വിപണനം ചെയ്യുകയാണ് ലക്ഷ്യം. നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സഹകരണ സംഘം വഴി നടപ്പിലാക്കും. കേരളത്തിന്റെ തനത് ഉത്പന്നമായി അരി വിപണനം ചെയ്യും.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും സ്വകാര്യ മേഖലയിലും ഓണ്‍ലൈനായുമാകും വില്‍പ്പന നടത്തുക. ഉത്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പു വരുത്തുന്നതു വഴി നെല്‍ കര്‍ഷകര്‍ക്ക് ലാഭകരമായി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് നെല്‍ കര്‍ഷക സംഘം രൂപീകരിച്ച്‌ അരി മില്ലുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കോട്ടയം ജില്ലയാണ് ആസ്ഥാനം. ജില്ലയിലെ 26 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അംഗങ്ങളായ കെഎപിഒഎസിന്റെ ഓഹരി മൂലധനം 310 കോടി രൂപയാണ്. കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് പുതിയ സഹകരണ സംഘം വഴിയൊരുക്കുമെന്ന് രജിസ്ട്രേഷന്‍, സഹകരണം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

ഇടനിലക്കാരുടെ ചൂഷണമില്ലാതെ നെല്ലിന് ന്യായ വില ലഭ്യമാക്കാന്‍ സഹകരണ സംഘത്തിനു കഴിയും. സ്വകാര്യ കച്ചവടക്കാരെ പോലെ അധിക ലാഭം ഈടാക്കാതെ വില്‍പ്പന നടത്തുക വഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്‍മയുള്ള അരി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും പാമ്ബാടി സഹകരണ ബാങ്ക് പ്രതിനിധിയുമായ കെ. രാധാകൃഷ്ണനാണ് സഹകരണ സംഘത്തിന്റെ ചീഫ് പ്രമോട്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed