വര്‍ഗീയവാദികളോട് ഒരു വിട്ടു വീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല: വി ഡി സതീശന്‍

കൊച്ചി: രാജ്യത്തുള്ള വര്‍ഗീയ വാദികളോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ഫാസിസ്സം പത്തിവിടര്‍ത്തി ആടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു കാര്യങ്ങള്‍ നമ്മള്‍ അറിയുന്നു. ബാക്കിയുള്ളവ നമ്മള്‍ അറിയുന്നില്ല എന്നതാണ് സത്യം. രാജ്യത്തിന്റെ ജനാധിപത്യബോധത്തെയും വര്‍ഗീയതയ്ക്ക് എതിരായിട്ടുള്ള നിലപാടിന്റെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെയും കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടാണ് ഫാസിസ്റ്റ് ശക്തികള്‍ മുന്നേറുന്നത്.

രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുകയാണ്. അതിനെതിരായിട്ട് ഈ രാജ്യത്തെ ജനാധിപത്യ ചേരിയെ ഒരുമിപ്പിച്ച്‌ നിര്‍ത്താനുള്ള മഹാദൗത്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങള്‍ സംഘര്‍ഷഭരിതമാണ്. ആ സാഹചര്യത്തില്‍ രാഷ്ട്രീയ ലാഭം കൊയ്യുന്നതിന് വേണ്ടി ഇടതുപക്ഷവാദിളെന്ന് വീരവാദം മുഴക്കുന്നവര്‍ ഇന്ന് ഇത്തരം ഫാസിസ്റ്റ് ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ്. കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പി.യും ഒരുമിച്ച്‌ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്.

അവര്‍ തമ്മില്‍ അണിയറയില്‍ സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്ബ് നടന്നു ശേഷവും നടന്നു. അതുകൊണ്ടാണ് കേസുകള്‍ ഒത്തുതീര്‍ക്കപ്പെടുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *