ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി

തിരുവനന്തപുരം:കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്സിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. കെഎംഎംഎല്ലിലെ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) തസ്തിക പുനരുജ്ജീവിപ്പിച്ച്‌ നിയമനം നടത്താന്‍ തീരുമാനിച്ചു. ഹൈക്കോടതിയില്‍നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ വില്ലേജുകളില്‍നിന്നായി 955.13 ഹെക്ടര്‍ ഭൂമി എല്‍എആര്‍ആര്‍ ആക്‌ട്, 2013 ലെ വ്യവസ്ഥകള്‍ക്കു വിധേയമായി റെയില്‍വേ ബോര്‍ഡില്‍നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇതിനായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്‌പെഷ്യല്‍ ഡപ്യൂട്ടി കലക്ടര്‍ ഓഫിസും മേല്‍പ്പറഞ്ഞ ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍എ) ഓഫിസുകളും രൂപീകരിക്കാന്‍ തീരുമാനിച്ചു.

ഒരുവര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് ധനകാര്യവകുപ്പില്‍ അനോമിലി റെക്ടിഫിക്കേഷന്‍ സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷക്കാലത്തേക്ക് ജോയിന്റ് സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, മൂന്ന് അസിസ്റ്റന്റ് തസ്തികകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ റിസര്‍വെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. 807.98 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാലുഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തിന് 339.438 കോടി രൂപ റിബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ 1550 വില്ലേജുകളിലെ ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

റവന്യൂ, സര്‍വെ, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം ഇതിലൂടെ സാധ്യമാവും. ഡിജിറ്റല്‍ ഭൂരേഖ ഭൂപട സംവിധാനങ്ങളുടെ സുശക്തമായ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ആവശ്യമായ തരത്തില്‍ ഐടി സംവിധാനങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തുക എന്നതും ഇതിന്റെ ഭാഗമാണ്. 2018 ലെ കാലവര്‍ഷക്കെടുതി, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം കൃഷിനാശം സംഭവിച്ചും, കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം കടബാധ്യതകള്‍ ഉണ്ടായതിനെ തുടര്‍ന്നും ആത്മഹത്യചെയ്ത ജി രാമകൃഷ്ണന്‍, വി ഡി ദിനേശ്കുമാര്‍, എങ്കിട്ടന്‍, എംഎം രാമദാസ് എന്നിവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 3 ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇവരുടെ പേരിലുള്ള ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കി നല്‍കാന്‍ അതാത് ബാങ്കുകളോട് ശുപാര്‍ശ നല്‍കാനും തീരുമാനിച്ചു.

വിനോദയാത്രക്കിടെ നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ച്‌ മരണപ്പെട്ട പ്രവീണ്‍ നായരുടെ മാതാപിതാക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതേ അപകടത്തില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി രഞ്ജിത്ത്- ഇന്ദുലക്ഷ്മി ദമ്ബതികളുടെ ഏക മകന്‍ മാധവ് രജ്ഞിത്തിന്റെ പഠനാവശ്യത്തിനായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും അനുവദിക്കും. കുട്ടിക്ക് 18 വയസ്സ് തികയുംവരെ തുക ബാങ്കില്‍ നിക്ഷേപിച്ച്‌ പലിശ പഠനാവശ്യത്തിനായി ഉപയോഗിക്കണമെന്നും മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed