ഞങ്ങള്‍ക്ക് ആരോടും ശത്രുതയില്ല; ചട്ടക്കൂടിനുള്ളില്‍ നിന്ന് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാം: താലിബാന്‍ വക്താവ്

കാബൂള്‍; അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി താലിബാന്‍. വീണ്ടുമൊരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് മറ്റൊരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്നും താലിബാന്‍ വക്താവ് സബീനുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വളരെ വേഗത്തില്‍ തന്നെ ഞങ്ങള്‍ രാജ്യത്തെ മാറ്റിയെടുക്കും. വളരെ നല്ല മാറ്റം കൊണ്ടുവരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.ഓരോ അഫ്ഗാനിസ്ഥാനും മികച്ച ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ സാമ്ബത്തിക പുരോഗതി കൈവരിക്കാനുള്ള നടപടികള്‍ താലിബാന്‍ കൈക്കൊള്ളും താലിബാന്‍ വക്താവ് പറഞ്ഞു. ആദ്യമായാണ് താലിബാന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്

ചരിത്രപരമായ ഒരു ഘട്ടത്തിലാണ് ഇപ്പോള്‍ ഞങ്ങള്‍ ഉള്ളത്. ആര്‍ക്കും യാതൊരു അപായങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നു.മുന്‍ സൈനിക അംഗങ്ങള്‍ക്കും വിദേശ സേനയില്‍ പ്രവര്‍ത്തിച്ചവരും ഉള്‍പ്പെടെ ആര്‍ക്കെതിരേയും പ്രതികാര നടപടി ഉണ്ടാകില്ല. ആരുടേയും വീടുകള്‍ പരിശോധിക്കില്ല. അഫ്ഗാനിസ്ഥാന്‍ ഇനി സംഘര്‍ഷത്തിന്റെ യുദ്ധക്കളമല്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ശത്രുകള്‍ അവസാനിപ്പിക്കുകയാണ്. രാജ്യത്തിനകത്തോ പുറത്തോ ഞങ്ങള്‍ ശത്രുക്കളെ ആഗ്രഹിക്കുന്നില്ല.കാബൂളില്‍ അരാജകത്വം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഞങ്ങള്‍ക്ക് കാബൂളില്‍ പ്രവേശിക്കേണ്ടി വന്നു.

മത തത്വങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മറ്റ് രാജ്യങ്ങള്‍ക്ക് വ്യത്യസ്ത സമീപനങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട് … അഫ്ഗാനികള്‍ക്ക് നമ്മുടെ മൂല്യങ്ങള്‍ക്ക് അനുസൃതമായി സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കാനുള്ള അവകാശമുണ്ട്.ശരീഅത്ത് അനുസരിച്ച്‌ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.അവര്‍ ഞങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, താലിബാന്‍ വക്താവ് വ്യക്തമാക്കി.ചട്ടക്കൂടില്‍ നിന്നുകൊണ്ട് സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം നല്‍കും.

മാധ്യമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഒന്നും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരായിരിക്കരുത്.മാധ്യമങ്ങള്‍ ഞങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടണം. അപ്പോള്‍ നമ്മുക്ക് രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാന്‍ സാധിക്കും. എന്നാല്‍ എന്നാല്‍ മാധ്യമങ്ങള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കരുത്.അവര്‍ രാജ്യത്തിന്റെ ഐക്യത്തിനായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. സ്വകാര്യ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കാം.

രാജ്യത്തെ യുവാക്കള്‍ ഇവിടം വിട്ട് പോകരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അവരാണ് ഈ രാജ്യത്തിന്റെ സ്വത്ത്. ആരും അവരുടെ വാതിലില്‍ മുട്ടി അവര്‍ ആര്‍ക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് അവരോട് ചോദിക്കാന്‍ പോകുന്നില്ല,അവര്‍ സുരക്ഷിതരായിരിക്കും. ആരെയും ചോദ്യം ചെയ്യാനോ പിന്തുടരാനോ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ശക്തമായ സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കുക.ആര്‍ക്കും ആരെയും തട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. ഒരു പരിണാമ പ്രക്രിയയാണ് രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ കൈക്കൊളളുമെന്നും സബീനുള്ള മുജാഹിദ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *