കുട്ടനാടിനെ രക്ഷിക്കണം; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: കുട്ടനാടിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി.സി വിഷ്ണുനാഥ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയെ സര്‍ക്കാര്‍ നിസംഗതയോടെയാണ് കാണുന്നതെന്ന് പി.സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു.

2018 ന് ശേഷം നിരവധി കുടുംബങ്ങളാണ് കുട്ടനാട്ടില്‍ നിന്ന് പലായനം ചെയ്തത്. കുട്ടനാട് ഭരണകൂടത്തെ നോക്കി നിശബ്ദമായി നിലവിളിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പ് 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2400 കോടിയുടെ പാക്കേജ് പ്ലാനിംഗ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒന്നും നടപ്പായില്ലെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു.

അതേസമയം, തോട്ടപ്പള്ളി സ്പില്‍ വേയില്‍ മാലിന്യം അടിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ചെളി നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയെന്നും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ചെന്നെ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്പില്‍വേ നവീകരണം സംബന്ധിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടനാടിന്‍റേത് പൊതു വിഷയമാണ്. കുടുംബങ്ങള്‍ഡ പലായനം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരികെക്കൊണ്ടുവരും. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ട, സാധ്യതമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *