വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ കയ്യേറ്റം

തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. സിറാജ് ഫോട്ടോഗ്രഫര്‍ ടി.ശിവജികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങി.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്.

ചിത്രം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പുറത്തുനിന്നെത്തിയ ഒരു പൊലീസുകാരനാണ് ആദ്യം ഇടപെട്ടതെന്നും പിന്നീട് അഭിഭാഷകര്‍ അടക്കം കയ്യേറ്റം ചെയ്യുകയാണുണ്ടായതെന്നും ശിവജികുമാര്‍ പറഞ്ഞു. എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു ആവശ്യപ്പെട്ടത്. അപ്പോഴാണ് മൊബൈല്‍ പിടിച്ചുവാങ്ങിയത്. സ്ഥലത്തെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ലൈവ് നല്‍കുന്നതിനെയും തടസ്സപ്പെടുത്താന്‍ അഭിഭാഷകര്‍ ശ്രമിച്ചു.

കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം പിന്നിടുമ്ബോഴാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. ഇന്ന് പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. കേസ് അടുത്ത മാസം 29 നു വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *