‘പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പിച്ചിട്ടില്ല’: സാദിഖലി തങ്ങള്‍

മലപ്പുറം: മുഈന്‍ അലിക്കെതിരേ നടപടി സ്വീകരിച്ചാല്‍ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ ശബ്ദ സന്ദേശം പുറത്തുവിടുമെന്ന ഭീഷണി മുഴക്കിയ കെടി ജലീല്‍ എംഎല്‍എയ്ക്ക് മറുപടിയുമായി പാണക്കാട് സാദിഖലി തങ്ങള്‍.

പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഉന്നതാധികാര യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജലീലിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ചന്ദ്രികയെ സംബന്ധിച്ച കള്ളപ്പണ വിവാദങ്ങളെല്ലാം അര്‍ത്ഥരഹിതമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്ന ജോലി മുസ്ലിം ലീഗിന്റെ ഒരുനേതാവും ചെയ്തിട്ടില്ല. ലീഗില്‍ ഒരു തരത്തിലുള്ള വിഭാഗീയതയുമില്ല. ലീഗ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. ആരോഗ്യകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് ലീഗ്. അതിനെ ആശയക്കുഴപ്പമെന്നാണോ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ചന്ദ്രികാ ദിനപ്പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഈന്‍ അലി തങ്ങള്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ഇതുതന്നെയാണ് പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം. വീഴ്ച സംഭവിച്ചെന്ന് മുഈന്‍ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *