കുഴല്‍പ്പണ കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിച്ചു കൂടെയെന്ന് ഹൈക്കോടതി.

സര്‍ക്കാരുമായി ആലോചിച്ച്‌ ഇതിനുള്ള സാധ്യത പരിശോധിക്കാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം ജസ്റ്റിസ് കെ.ഹരിപാല്‍ ആരാഞ്ഞത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ പാര്‍ട്ടി അനധികൃത പണം കടത്തിക്കൊണ്ടുവന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

അനധികൃത പണം കടത്തില്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ക്കും പങ്കുണ്ട്. കേസില്‍ സമഗ്രമായ അന്വേഷണമാണ് നടത്തിയത്. പ്രതികളും സാക്ഷികളും അന്വേഷണവുമായി സഹകരിക്കുന്നില്ല. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരാതിയില്‍ പറയുന്ന 25 ലക്ഷമല്ല കടത്തിക്കൊണ്ടു വന്നത്. മൂന്നരക്കോടി രൂപ കൊണ്ടു വന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പ്രതികളും പാര്‍ട്ടി നേതാക്കളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ജാമ്യാപേക്ഷകള്‍ വിധി പറയാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *