വിസ്മയ കേസ്: ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട് സര്‍ക്കാര്‍ ഉത്തരവ്.

കേരള സിവില്‍ സര്‍വ്വീസ് ചട്ടം 1960 പ്രകാരമാണ് സര്‍ക്കാരിന്റെ നടപടി.കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍.വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്നു കിരണ്‍ കുമാര്‍. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.

ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്.

കിരണിനെതിരെ വിസ്മയയുടെ ആത്മഹത്യയെത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടി. 1960-ലെ സര്‍വീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനും ദുഷ്‌പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാല്‍ക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടല്‍ നടപടി വന്നത്.

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികള്‍ അടക്കമുള്ള കാര്യങ്ങള്‍ വിസ്മയയുടെ കേസില്‍ ശേഖരിച്ചിരുന്നു. കിരണ്‍ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്ബാണ് കേസില്‍ കിരണിനെ സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണവിധേയമായി കിരണിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരണ്‍ കുറ്റം ചെയ്‌തെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പിരിച്ചുവിടല്‍.

ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല.

വിസ്മയക്ക് നീതി ലഭിച്ചുവെന്ന് കുടുംബം പ്രതികരിച്ചു.സര്‍ക്കാറില്‍ വിശ്വാസമുണ്ട്.നിലവില്‍ മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്.പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസമെന്നും കുടുംബം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *