ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്ബോള്‍ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നതെന്നും രണ്ടു കിലോ അരി വാങ്ങാന്‍ 500 രൂപയുടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടയില്‍ പോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുളളവരും കൊവിഡ് വാക്സിന്‍ എടുത്തവരും കടകളില്‍ എത്തുന്നതാണ് അഭികാമ്യമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മന്ത്രിസഭ ഒന്ന് തീരുമാനിക്കുകയും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒന്ന് തീരുമാനിക്കുകയും അതിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്യുന്നവെന്ന് അദ്ദേഹം പരിഹസിച്ചു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കാണുന്ന അശാസ്ത്രീയതയെന്നും അത് അടിവരയിടുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസിനെതിരയും വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. ജനങ്ങളെ ക്രൂരമായി ക്രൂശിക്കുകയാണ് പോലീസെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു ‘ഫൈന്‍’ സിറ്റിയായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും കേരളത്തിലെ പോലീസിന് ടാര്‍ജറ്റ് കൊടുക്കുന്നത്. പൊലീസ് മേധാവി ഓരോ ജില്ലകള്‍ക്കായി ടാര്‍ജറ്റ് വീതംവച്ച്‌ കൊടുക്കുകയാണ്. ഈ കോവിഡ് കാലത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടുമ്ബോള്‍ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഫൈന്‍ ഈടാക്കാനാണ് പോലീസ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ആളുകള്‍ക്ക് മീതെ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമുക്ക് സഭയുടെ ഫ്‌ളോറിലല്ലെ പ്രതിഷധിക്കാനാകൂ മന്ത്രി ശിവന്‍കുട്ടി ചെയ്തതുപോലെ ചെയ്യാനാകില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സതീശന്റെ പ്രതികരണം. നമുക്ക് ജനാധിപത്യപരമായ രീതിയില്‍ നിയമസഭയില്‍ ശക്തമായി പറയാന്‍ പറ്റുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *