പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷവും സാധിച്ചിട്ടില്ല. ഇതിന് സമയം ആവശ്യമാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ദേശീയ പൗരത്വ നിയമഭേദഗതിയെ കുറിച്ച്‌ മുസ്‌ലീം ലീഗ് എം പി അബ്ദുല്‍ വഹാബാണ് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്. മറ്റ് ന്യൂനപക്ഷങ്ങളായ പാകിസ്ഥാനിലെ അഹമ്മദിയ, ശ്രീലങ്കന്‍ തമിഴര്‍ എന്നിവരെ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിയമം ഭേദഗതി ചെയ്യുമോ എന്നായിരുന്നു വഹാബ് ചോദിച്ചത്.

‘പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ വരുന്ന യോഗ്യരായ വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ ചട്ടങ്ങള്‍ തീരുമാനിച്ച ശേഷം പൗരത്വം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം, എന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇതിന് മറുപടി നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രകാരം ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് 2022 ജനുവരി 9 വരെ കൂടുതല്‍ സമയം നീട്ടാന്‍ ലോക്‌സഭ, രാജ്യസഭ എന്നിവയിലെ സബോര്‍ഡിനേറ്റ് നിയമനിര്‍മ്മാണ സമിതികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് റായ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാന്‍ 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞ ആഴ്ച ലോക്‌സഭയെ അറിയിച്ചിരുന്നു. ചട്ടപ്രകാരം രാഷ്ട്രപതി ഒപ്പുവെച്ച നിയമം ആറ് മാസം കൊണ്ട് നിലവില്‍ വരണം. അതിനായില്ലെങ്കില്‍ സമയം നീട്ടി ചോദിക്കേണ്ടി വരും. നിയമം സംബന്ധിച്ച ചട്ടമുണ്ടാക്കല്‍ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടി ചോദിക്കല്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇത്തവണയും ഇല്ല. ഇത് അഞ്ചാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ ക്രമപ്പെടുത്തുന്നതിന് സമയം നീട്ടുന്നത്.

2019 ല്‍ പാര്‍ലമെന്റില്‍ പാസാക്കപ്പെടുകയും ആ വര്‍ഷം ഡിസംബര്‍ 12ന് വിജ്ഞാപനം ഇറക്കുകയും 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തിലാകുകയും ചെയ്തതാണ് പൗരത്വ നിയമ ഭേദഗതി.

Leave a Reply

Your email address will not be published. Required fields are marked *