ആണവ കരാര്‍: ആരോപണം അടിസ്ഥാനരഹിതമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറിനെ ഇടതുപാര്‍ട്ടികള്‍ എതിര്‍ത്തത്‌ ചൈനയുടെ സ്വാധീനഫലമായാണെന്ന മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണാവകാശത്തെയും സ്വതന്ത്രവിദേശ നയത്തെയും ആണവകരാര്‍ അപകടത്തിലാക്കുമെന്നതുകൊണ്ടാണ്‌ അതിനെ ഇടതുപക്ഷം എതിര്‍ത്തത്‌. ഇന്ത്യയെ സൈനികവും തന്ത്രപരവുമായ പങ്കാളിയാക്കാന്‍ അമേരിക്ക തുടങ്ങിവച്ച കരാറായിരുന്നു അത്‌. രാജ്യത്തിന്റെ ഊര്‍ജസുരക്ഷയുമായി കരാറിനു ബന്ധമൊന്നുമില്ലായിരുന്നു. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ഒരു മെഗാവാട്ട്‌ ആണവവൈദ്യുതി പോലും രാജ്യത്ത്‌ അധികമായി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുപ്പമേറിയ സൈനികബന്ധത്തോടെ ഇന്ത്യ അമേരിക്കയുടെ വിധേയപങ്കാളിയായി മാറിയെന്നുമാത്രം. രാജ്യത്തിന്റെ പരമാധികാരവും തന്ത്രപരമായ സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌ ഇടതുപാര്‍ട്ടികള്‍ ആണവകരാര്‍ വിഷയത്തില്‍ നിലപാട്‌ സ്വീകരിച്ചത്‌.

അതിനു ചൈനയുമായി ബന്ധമൊന്നുമില്ലായിരുന്നു. ആണവവിതരണ സംഘം ഇന്ത്യക്ക്‌ ഇളവുനല്‍കുന്നതിനെ ചൈന പിന്തുണച്ചപ്പോഴും ഇടതുപാര്‍ടികള്‍ സ്വീകരിച്ച നിലപാട്‌ ഉറച്ചതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *