കോവിഡ് വാക്‌സിന്റെ പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് ഡിസംബറോടെ കോവിഷീല്‍ഡിന്റെ കൊവാക്‌സിന്റേയും പ്രതിമാസ ഉത്പാദനം വര്‍ധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ.

വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വാക്‌സിനുകള്‍ നിര്‍മിക്കാനുള്ള നിലവിലെ ശേഷിയും ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ പ്രതീക്ഷിക്കുന്ന ശേഷിയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 11 കോടി ഡോസുകളില്‍ നിന്ന് 12 കോടി ഡോസായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൊവാക്‌സിന്റെ ഉല്‍പാദനം പ്രതിമാസം 2.5 കോടി ഡോസില്‍ നിന്ന് 5.8 കോടി ഡോസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് ‘മിഷന്‍ കോവിഡ് സുരക്ഷ’ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം ഭാരത് ബയോടെക്കിനും മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കോവക്‌സിന്‍ ഉല്‍പാദനത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed