മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പ്രചാരണം സത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിപ്പള്ളിയില്‍ റോഡരികിലെ പുരയിടത്തില്‍വെച്ച്‌ കച്ചവടം ചെയ്ത വൃദ്ധയുടെ മത്സ്യം പൊലീസ് വലിച്ചെറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച പ്രചാരണം സത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതുമായി ബന്ധപ്പെട്ടു തെറ്റായ പ്രചാരണമാണ് നടന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ചു തെങ്ങ് സ്വദേശിയായ വൃദ്ധയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഇവര്‍ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു. പൊലീസ് എത്തി കച്ചവടം നടത്തരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍, കച്ചവടം തുടര്‍ന്നതോടെ മീന്‍ കുട്ട വലിച്ചെറിഞ്ഞ് മത്സ്യം നശിപ്പിച്ചെന്നാണ് പരാതി.

സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പൊലീസ് രംഗത്തുവന്നിരുന്നു. നിയന്ത്രണം ലംഘിച്ചു കച്ചവടം നടത്തിയപ്പോള്‍ ആളു കൂടുകയും തുടര്‍ന്നു പൊലീസ് നടപടിയെടുക്കുകയുമായിരുന്നു എന്നാണ്, ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പൊലീസ് നല്‍കിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *