മെഡിക്കല്‍ കോളേജില്‍ രോ​ഗിയുടെ കൂട്ടിരിപ്പുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം:രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച  പ്രതി പിടിയില്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടിയതായി പൊലീസ്  അറിയിച്ചു.

മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനിയില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സന്ദീപ്(25) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാനസിക വൈകല്യമുള്ള യുവതി ആശുപത്രിക്ക് സമീപമുള്ള കടയില്‍ നിന്നും സാധനം വാങ്ങാന്‍ പോകവേ പ്രതി കാറില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആര്‍.സി.സിക്ക് അടുത്തുള്ള മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ സമീപമുള്ള കുറ്റികാട്ടില്‍ എത്തിച്ച്‌ ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു. സൈബര്‍സിറ്റി അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഹരി. സി. എസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എച്ച്‌.ഒ ഹരിലാല്‍, എസ്.ഐ മാരായ പ്രശാന്ത്, രതീഷ്, പ്രിയ, എസ്.സി.പി.ഓമാരായ പ്രീജ, അനില്‍കുമാര്‍, രഞ്ജിത്, ജ്യോതി, ഗോകുല്‍, പ്രതാപന്‍, വിനീത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed