മന്ത്രി ശിവന്‍ക്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍ക്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി.

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി വാദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രിതപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിയമ വിരുദ്ധമായെന്നുമില്ല. അതുതന്നെ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജില്ലാകളക്ടര്‍മാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്തു. അതില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ നടപടിയെ അസാധാരണമായി കാണാനും ആകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തെളിവുകളോ മറ്റുവിഷയങ്ങളോ പിന്‍വലിക്കല്‍ അപേക്ഷയ്ക്ക് അടിസ്ഥാനമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അപേക്ഷ ദുരുദ്ദേശപരമല്ലെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങള്‍ ഉന്നയിച്ച പരാതി പരിഗണിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ലെന്ന ആക്ഷേപം കൂടി മുഖ്യമന്ത്രി ഉന്നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *